
ന്യൂഡൽഹി: അനാവശ്യമായി സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന തന്റെ അഭ്യർഥന ജനങ്ങൾ സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വർണവാങ്ങൽ കുറച്ചതിലൂടെ പണം ലാഭിക്കാൻ കഴിഞ്ഞെന്നാണ് പലരും പറയുന്നതെന്നും ഈ തീരുമാനത്തെ അദ്ദേഹം അഭിനന്ദിച്ചു. സ്വർണവാങ്ങൽ കുറഞ്ഞതോടെ വില ഇടിയാനും കാരണമായെന്ന് മോദി പറഞ്ഞു.
ഒരു വർഷത്തേക്ക് അത്യാവശ്യമില്ലാത്ത സ്വർണവാങ്ങൽ ഒഴിവാക്കണമെന്ന് നേരത്തെ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. ഈ നിർദേശം ജനങ്ങൾ ഏറ്റെടുത്തതായും രാജ്യത്തിന്റെ കൂട്ടായ തീരുമാനങ്ങൾ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി ഭക്ഷണം ഉപേക്ഷിക്കാൻ ആഹ്വാനം ചെയ്തപ്പോൾ രാജ്യം അതിന് പിന്തുണ നൽകിയിരുന്നു. സമാനമായ രീതിയിൽ തന്റെ അഭ്യർഥനയും ജനങ്ങൾ സ്വീകരിച്ചതിൽ അഭിമാനമുണ്ടെന്നും രാജ്യത്ത് ഇത്തരം കൂട്ടായ പ്രവർത്തനങ്ങളുടെ മനോഭാവം ഇന്നും നിലനിൽക്കുന്നുണ്ടെന്നും മോദി പറഞ്ഞു.
പശ്ചിമേഷ്യൻ സംഘർഷം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നു ഏതാനും മാസങ്ങൾക്ക് മുൻപ് പ്രധാനമന്ത്രി സ്വർണവാങ്ങൽ നിയന്ത്രിക്കാൻ നിർദേശിച്ചത്. പെട്രോൾ, ഡീസൽ ഉപയോഗം പരമാവധി കുറയ്ക്കണമെന്നും വിദേശയാത്രകൾ ഒരു വർഷത്തേക്ക് മാറ്റിവയ്ക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചിരുന്നു.










